തിരുവനന്തപുരം:
കഠിനംകുളത്ത് സുഹൃത്തിനെ ഗുണ്ടാസംഘം മർദിച്ച കേസിൽ സാക്ഷി പറഞ്ഞ യുവാവിനെ
വെട്ടിക്കൊല്ലാൻ ശ്രമം. ചിറ്റാറ്റുമുക്ക് സ്വദേശി ഫെബിനാണ് (37) ക്രൂരമായ ഗുണ്ടാ ആക്രമണത്തിന്
ഇരയായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെ ചിറ്റാറ്റുമുക്കിൽ
വെച്ചായിരുന്നു സംഭവം. ആക്രമണത്തിൽ ഇരു കൈകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ
ഫെബിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാറിന് സൈഡ്
കൊടുത്തില്ലെന്ന് ആരോപിച്ച് ഒരു വർഷം മുൻപ് ഏഴംഗ ഗുണ്ടാസംഘം ഫെബിന്റെ സുഹൃത്തിനെ
ക്രൂരമായി മർദിച്ചിരുന്നു. സംഭവസമയം സുഹൃത്തിനൊപ്പം കാറിലുണ്ടായിരുന്ന
ഫെബിനായിരുന്നു ആ കേസിലെ ദൃക്സാക്ഷി. ഈ കേസിൽ ഗുണ്ടാസംഘത്തിനെതിരെ സാക്ഷി
പറഞ്ഞതിന്റെ വൈരാഗ്യം തീർക്കാനാണ് പ്രതികൾ ഇപ്പോൾ ഫെബിനെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത് . അന്നത്തെ മർദനക്കേസിലെ
മൂന്നാം പ്രതിയായ വിനോജ്, ക്ലിന്റൺ എന്നൊരാളും ചേർന്നാണ് ഫെബിനെ തടഞ്ഞുനിർത്തി ആക്രമിച്ചത്.
കുപ്രസിദ്ധ
ഗുണ്ടയായ 'പഞ്ചായത്ത്
ഉണ്ണി'യുടെ സംഘത്തിലെ അംഗങ്ങളാണ് ഇരുവരും എന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച രാത്രി പ്രതികൾ,
മാരകായുധങ്ങളുമായി ഫെബിനെ ആക്രമിക്കുകയായിരുന്നു.ഫെബിന്റെ തലയ്ക്കും കഴുത്തിനും
മാരകമായി പരിക്കേറ്റു. വാളുകൊണ്ടുള്ള വെട്ടുകൾ തടയാൻ ശ്രമിക്കുന്നതിനിടെ ഫെബിന്റെ
രണ്ട് കൈകൾക്കും ഗുരുതരമായി വെട്ടേറ്റു. ഒരു കൈ അറ്റ് തൂങ്ങിയ നിലയിലായിരുന്നു.
പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ ഫെബിൻ ഓടിയെങ്കിലും, പ്രതിയായ
ക്ലിന്റൺ പിന്നാലെയെത്തി തുടർച്ചയായി വെട്ടുകയായിരുന്നു എന്ന് ഫെബിൻ പറഞ്ഞു.
ഫെബിന്റെ
നിലവിളി കേട്ടാണ് സമീപവാസികൾ ഓടിയെത്തിയത്. നാട്ടുകാർ വരുന്നത് കണ്ട അക്രമികൾ
സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഫെബിനെ നാട്ടുകാർ
ചേർന്ന് ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്ലാസ്റ്റിക് സർജറി
അടക്കമുള്ള അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയ യുവാവ് നിലവിൽ ആശുപത്രിയിൽ
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം
ഊർജിതമാക്കിയിട്ടുണ്ട്.
